scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Wednesday, July 31, 2013

സസ്യാഹാരം ‘വൈറ്റമിന്‍’ സമൃദ്ധം




ഗുരുദക്ഷിണയായി ശിഷ്യനോട്‌, മനുഷ്യനാവശ്യമില്ലാത്ത ഒരു ചെടി പറിച്ചുകൊണ്ടുവരാന്‍ പറഞ്ഞ ഒരു ഋഷിയുടെ കഥയുണ്ട്‌. ദിവസങ്ങളോളം കാട്ടില്‍ അലഞ്ഞ്‌ ശിഷ്യന്‍ വെറും കൈയോടെ തിരിച്ചുവന്നു. പരീക്ഷണത്തിന്റെ കൗതുകം നിറഞ്ഞ ശിക്ഷണത്തിലൂടെ ഗുരു ശിഷ്യനു നല്‍കിയ അറിവ്‌ ഇത്രമാത്രമാണ്‌. മനുഷ്യന്‍റെ നിലനില്‍പ്‌ സസ്യങ്ങളുമായി ബന്ധപ്പെട്ട്‌ മാത്രം.

നമുക്ക്‌ വേണ്ടതെല്ലാം ഭൂമി അതിന്‍റെ പച്ചപ്പില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്‌. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാനുള്ള എളുപ്പമാര്‍ഗമാണ്‌ ഈ ഹരിതസമൃദ്ധി. പാര്‍ശ്വഫലങ്ങളില്‍ നിന്നു മുക്തമായ ആയുര്‍വേദവും പ്രകൃതിചികിത്സയും, സസ്യാഹാരത്തിനും പ്രകൃതിവിഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതും മറ്റൊന്നും കൊണ്ടല്ല.



ഏറെ ദോഷം ചെയ്യുന്ന രാസവസ്തുക്കളുടെ സംഭരണശാലയാകുകയാണ്‌ അനുനിമിഷം നമ്മുടെ ശരീരം. ശീതളപാനീയങ്ങളും ഫാസ്റ്റ്‌ ഫുഡുമെല്ലാം നമ്മുടെ ശരീരത്തെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുന്നു. ഇതില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗമാണ്‌ പ്രകൃതിലേക്കുള്ള മടക്കം. തിരക്കു പിടിച്ച ലോകത്തില്‍ ഇതിനൊന്നും നേരമില്ലെന്ന്‌ ഭംഗിവാക്ക്‌ പറഞ്ഞൊഴിയാം. പക്ഷേ പരീക്ഷിച്ചറിയണം സസ്യഭക്ഷണത്തിന്‍റെ ലാളിത്യവും നന്‍‌മയും.

ഓരോ സസ്യാഹാരവും ഓരോ ഔഷധമാണ്‌. അവയുടെ ഉപയോഗം നമ്മളെ പ്രകൃതിജീവനത്തിന്‍റെ പാതയിലേക്ക്‌ നയിക്കും. വൈറ്റമിന്‍ 'ഇ'യാല്‍ സമ്പുഷ്ടമാണ്‌ ഗോതമ്പ്‌. പച്ചപ്പട്ടാണി, കാബേജ്‌ എന്നിവയില്‍ കരളിന്‍റെ തകരാറുകളും രക്തം കട്ടപിടിക്കാന്‍ താമസിക്കുന്നതും പരിഹരിക്കുന്ന 'വൈറ്റമിന്‍ കെ'യുണ്ട്‌.

നാരങ്ങ, നെല്ലിക്ക, ഓറഞ്ച്‌, മുന്തിരി, ഇലക്കറികള്‍, ഉരുളക്കിഴങ്ങ്‌ എന്നിവയിലെല്ലാം വൈറ്റമിന്‍ 'സി' അടങ്ങിയിരിക്കുന്നു. അധികം അധ്വാനമോ പണച്ചെലവോ കൂടാതെ സമൃദ്ധവും ആരോഗ്യദായകവുമായ ആഹാരം പ്രകൃതിയൊരുക്കിയിട്ടുണ്ട്‌. വായ്‌പുണ്ണിനെ അകറ്റുന്ന അകത്തിച്ചീര, ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാവുന്ന ഇഞ്ചി, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഉള്ളി, നേത്രരോഗങ്ങള്‍ക്ക്‌ പരിഹാരമായ കാരറ്റ്‌, മൂത്രാശയരോഗങ്ങള്‍ക്ക്‌ പ്രതിവിധിയായ കാരറ്റ്‌, ബീറ്റ്‌ റൂട്ട്‌, ബീന്‍സ്‌ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പ്രകൃതിചികിത്സയല്ല, പ്രകൃതിയോടൊത്തുള്ള ജീവിതമാണ് നമുക്കാവശ്യം. അതിനനുസരിച്ചുള്ള ചര്യകള്‍ സ്വീകരിച്ചു ജീവിക്കലാണ്‌ ഉത്തമം. ഈ സമ്പ്രദായത്തില്‍ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുന്നതിനായി ചില നിര്‍ദ്ദേശങ്ങളുണ്ട്‌.

1. പച്ചക്കറികള്‍ അധികം വേവിക്കാതിരിക്കുക.
2. പച്ചയായി കഴിക്കാവുന്നവ അങ്ങനെ തന്നെ ഉപയോഗിക്കുക.
3. തൊലി പൂര്‍ണമായി ചെത്തിക്കളയാതിരിക്കുക.
4. പച്ചക്കറികള്‍ അരിഞ്ഞശേഷം കഴുകാതിരിക്കുക.
5. കഴിയുമെങ്കില്‍ പാചകത്തിന്‌ മണ്‍പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുക.
6. വെള്ളം കുറച്ചു വേവിക്കുക.
7. എരിവും ഉപ്പും കുറയ്ക്കുക.


പ്രകൃതി അമ്മയാണ്‌. അമ്മയുടെ മടിത്തട്ടിലേക്ക്‌ മടങ്ങുക.

No comments:

Post a Comment